ഉടമ്പടി ശിൽപികൾ

Share it:
ഒന്നാം ലോക മഹായുദ്ധാനന്തരമുണ്ടായ സമാധാന സന്ധികൾക്ക് രൂപം നൽകിയ ചില പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും 
വുഡ്രോ തോമസ് വിൽസൺ 
അമേരിക്കയിലെ ഇരുപത്തിയെട്ടാമത്തെ പ്രസിഡന്റ്. 1913 മുതൽ 1921 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന വുഡ്രോ വിൽസണായിരുന്നു പാരീസ് സമാധാന സമ്മേളനത്തിലെ യു.എസ് പ്രതിനിധി സംഘത്തെ നയിച്ചത്. അദ്ദേഹത്തിന്റെ പതിനാല് പ്രമാണങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു വേഴ്‌സായി സന്ധി തയാറാക്കിയത്. ലോകസമാധാനം ഉറപ്പുവരുത്താൻ സർവ്വരാജ്യ സഖ്യം എന്ന സമാധാന സംഘടന രൂപവത്കരിക്കാൻ മുൻകൈയെടുത്ത അദ്ദേഹത്തിന് 1919-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.

ഷോർഗ് ക്ലെമൻസു 
ഫ്രഞ്ചു പ്രധാനമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനും പത്രപ്രവർത്തകനുമായിരുന്നു ഷോർഗ് ക്ലെമൻസു . ഒന്നാം ലോക മഹായുദ്ധം ഫ്രാൻസിലെ ഈ ഉരുക്കുമനുഷ്യന് അന്തർദേശീയ പ്രശസ്തി നേടിക്കൊടുത്തു. ജർമ്മനിക്കെതിരെ യുദ്ധാനന്തരമുണ്ടായ ചരിത്രപ്രസിദ്ധമായ പാരീസ് സമാധാന സമ്മേളനത്തിൽ പങ്കെടുത്തവരിൽ ശ്രദ്ധേയനായിരുന്നു ക്ലെമൻസു. ക്ലെമൻസു ജർമ്മനിയോട് യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറായില്ല.

ഡേവിഡ് ലോയ്ഡ് ജോർജ് 
1916-22 കാലഘട്ടത്തിൽ ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്നു ലോയ്ഡ് ജോർജ്. പാരീസ് സമാധാന കോൺഫറൻസ് സമ്മേളിച്ചപ്പോൾ വേഴ്‌സായി സന്ധി ഒപ്പിടാൻ മുൻകൈയെടുത്ത നേതാക്കന്മാരിൽ ഇദ്ദേഹവും ഉൾപ്പെടുന്നു. പാരീസ് സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റായ വുഡ്രോ വിൽസനും ഫ്രാൻസിലെ ക്ലെമൻസോയും മുന്നോട്ടുവച്ച നിർദേശങ്ങളിലെ തർക്കങ്ങൾ ഒഴിവാക്കാൻ വിജയകരമായി പ്രവർത്തിച്ചത് ലോയ്ഡ് ജോർജ് ആണ്.

വിറ്റോറിയോ ഒർലാൻഡോ 
ഇറ്റാലിയൻ രാഷ്ട്രീയ പ്രവർത്തകനും പ്രധാനമന്ത്രിയുമായിരുന്നു  ഒർലാൻഡോ. 1917 മുതൽ 1919 വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ പാരീസ് സമാധാന സമ്മേളനത്തിലേക്ക് ഇറ്റാലിയൻ പ്രതിനിധി സംഘത്തെ നയിച്ചുവെങ്കിലും ഇറ്റാലിയൻ തർക്കഭൂമിക്കുവേണ്ടിയുള്ള ആനുകൂല്യങ്ങൾ സഖ്യകക്ഷികളിൽ നിന്ന്  നേടാനാകാതെ വന്നപ്പോൾ അദ്ദേഹം പ്രധാനമന്ത്രിപദം രാജിവയ്‌ക്കാൻ നിർബന്ധിതനായി.
Share it:

History Notes

World War

Post A Comment:

0 comments: